തൃശൂർ : ദേശീയപാത നടത്തറയിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന എൽപിജി ബുള്ളറ്റ് ലോറിയുടെ പിറകിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഗ്യാസ് ചോർന്നു. ബുളറ്റ് ലോറിയുടെ പ്രഷർ ഗേജ് പൊട്ടിയാണ് നേരിയ തോതിൽ ഗ്യാസ് ചോർന്നത്. ഉടനെ ഫയർഫോഴ്സ് സ്ഥലത്തെത്തി ഗ്യാസ് ചോർച്ച അടച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പാലക്കാട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. സിഗ്നലിൽ നിർത്തിയിട്ടിരുന്ന എൽപിജി ബുളറ്റിന്റെ പിറകിൽ വാഹനങ്ങൾ കയറ്റിക്കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കണ്ടെയ്നർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ചോർച്ചയെ തുടർന്ന് ബുള്ളറ്റ് ടാങ്കർ വെള്ളം ഒഴിച്ച് തണുപ്പിച്ച ശേഷം രണ്ട് മണിക്കൂറിനകം ഫയർഫോഴ്സ് ഗ്യാസ് ചോർച്ച അടച്ചു. ഫയർഫോഴ്സ് തൃശൂർ യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി. ഹരികുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.