കൊച്ചി : സംസ്ഥാനത്ത് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (സി.പി.ഐ) പണപ്പെരുപ്പം കഴിഞ്ഞ മാസം 5.25 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. മേയിൽ 4.48 ശതമാനമായിരുന്നു ഇത്. അതേസമയം ഏപ്രിലിൽ 5.63 ശതമാനമായിരുന്നതാണ് മേയിൽ കുറവുണ്ടായത്. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്കും മറ്റ് ഭക്ഷ്യോത്പന്നങ്ങൾക്കും വില കുത്തനെ കൂടിയതാണ് സി.പി.ഐ പണപ്പെരുപ്പം ജൂണിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിന് പ്രധാന കാരണം.
സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.53 ശതമാനത്തിൽ നിന്ന് 5.05 ശതമാനത്തിലേക്കും നഗരങ്ങളിലേത് 4.33 ശതമാനത്തിൽ നിന്ന് 5.46 ശതമാനത്തിലേക്കും കുത്തനെ വർദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെയും ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം വർധിക്കുകയാണ്. ജൂണിൽ 4.81 ശതമാനമായി വർദ്ധിച്ചു. റീട്ടെയിൽ പണപ്പെരുപ്പം മേയിൽ 4.31 ശതമാനം (മുൻപ് പ്രഖ്യാപിച്ചത് 4.24ശതമാനം) ആയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഇത് ഏഴ് ശതമാനം ആയിരുന്നു.
മുൻമാസങ്ങളെ അപേക്ഷിച്ച് ഉയർന്നെങ്കിലും പണപ്പെരുപ്പം ഇപ്പോഴും ആർ.ബി.ഐയുടെ സഹന പരിധിയായ 6 ശതമാനത്തിൽ താഴെയാണ് എന്നത് ആശ്വാസകരമാണ്. 2022 മാർച്ചിൽ രേഖപ്പെടുത്തിയ 5.66 ശതമാനമാണ് ഇതിന് തൊട്ടു മുൻപുള്ള ഏറ്റവും ഉയർന്ന സി.പി.ഐ. മേയിൽ 2.91 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം 4.49 ശതമാനമായി കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പം 4.17 ശതമാനത്തിൽ നിന്നുയർന്ന് 4.72 ശതമാനത്തിലെത്തി. നഗരങ്ങളിലെ പണപ്പെരുപ്പം 4.27ൽ നിന്ന് 4.96 ശതമാനമായും ഉയർന്നു.