കൊച്ചി : മുന്‍കാലഘട്ടങ്ങളിലെ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഇത്രയും കാലം കഴിഞ്ഞ് ഇപ്പോള്‍ ഈ ബില്ലുകള്‍ പെട്ടെന്ന് എങ്ങനെ വന്നുവെന്ന് കോടതി ചോദിച്ചു. ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ലാണ്. ഇതില്‍ ഇളവ് നല്‍കാനും, ആ തുക വയനാട് പുനരധിവാസത്തിന് ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൂടേയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ആകെയുള്ള 782.99 കോടി രൂപയില്‍ 2006, 2016, 2017 വര്‍ഷങ്ങളില്‍ എയര്‍ലിഫ്റ്റിങ് സേവനങ്ങളുടെ കുടിശ്ശിക ഇനത്തില്‍ ഏകദേശം 120 കോടി രൂപയും, മറ്റ് ബില്ലുകളിലായി 60 കോടി രൂപയും കേന്ദ്രത്തിന് നല്‍കാനുണ്ടെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഇതടക്കം നേരത്തെ അനുവദിച്ചതു കഴിച്ച് സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ കഴിയുന്നത് 61.03 കോടി മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അപ്പോഴാണ് 120 കോടിയുടെ കുടിശ്ശിക ഇളവ് ചെയ്തുകൂടേയെന്ന് കോടതി ആരാഞ്ഞത്.
എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്കി, 120 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതും, ഈ തുക പുനരധിവാസ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് നീതിയുക്തമായ കാര്യത്തിനു വേണ്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഒക്ടോബറിലാണ് എയര്‍ലിഫ്റ്റ് ചാര്‍ജായി 132 കോടി രൂപയുടെ ബില്‍ അയച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രം ആവശ്യപ്പെട്ട് ബില്‍ കുടിശ്ശികയില്‍ 100 കോടിയിലേറെ 2018 ലെ പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിലെ എയര്‍ലിഫ്റ്റിങ് ചാര്‍ജാണ്. ഈ വര്‍ഷം ജൂലൈ 30 ന് ഉണ്ടായ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് 13 കോടി രൂപയുടെ ബില്‍ മാത്രമാണുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ എസ്ഡിആര്‍എഫ് അക്കൗണ്ടില്‍ ഇപ്പോള്‍ 60 കോടി രൂപയുണ്ടെന്നും, 120 കോടി രൂപ കുടിശ്ശിക ഇളവ് കേന്ദ്രം അനുവദിച്ചാല്‍, വയനാട് പുനരധിവാസത്തിന് അടിയന്തരമായി വിനിയോഗിക്കാന്‍ 180 കോടി രൂപയുണ്ടാകുമെന്ന് ഹൈക്കോടതി വിലയിരുത്തി. 120 കോടി രൂപ ഇളവു നല്കാന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും, പുനരധിവാസത്തിനായി 180 കോടി രൂപ വിനിയോഗിക്കാന്‍ എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് അറിയിച്ചു.
മേല്‍പ്പറഞ്ഞ തുക വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്നതിനായി ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് ജനുവരി 10 ലേക്ക് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. അതിനു മുമ്പ് ബില്ലുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങളില്‍ വരുത്താവുന്ന വരുത്താവുന്ന ഇളവുകള്‍ സംബന്ധിച്ച് നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി. കേന്ദ്രസര്‍ക്കാര്‍ എയര്‍ലിഫ്റ്റിങ് ചാര്‍ജ് ഈടാക്കാനുള്ള നടപടിയെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തിന്റേത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടത്.