മലപ്പുറം : സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ് ഐക്ക് സസ്പെന്ഷന്. എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പെരുമ്പടപ്പ് എസ് ഐയായ എന്‍ ശ്രീജിത്ത് നിരന്തരമായി സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. വാഹനപരിശോധയ്ക്കു പോകുമ്പോഴുള്ള വിവരങ്ങളടക്കം സ്വര്‍ണക്കടത്ത് സംഘത്തിന് കൈമാറിയിരുന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി.
സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി എസ് ഐ സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവ് ലഭിച്ചു. മലപ്പുറം എസ് പി എസ് ശശിധരനാണ് എസ് ഐയുടെ ഇത്തരം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തി തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഇതുപ്രകാരം ഡി ഐ ജി അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തു. എസ് ഐയും സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് കസ്റ്റംസും പ്രാഥമിക പരിശോധന തുടങ്ങി.