ന്യൂഡല്‍ഹി: കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. വൈകിട്ട് 5.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും ചേരും .
2014 ലും 2019 ലും ലഭിക്കാത്ത പ്രതിപക്ഷ നേതാവ് പദവി മികച്ച വിജത്തോടെ കോൺഗ്രസ് ഇത്തവണ ഉറപ്പാക്കിയിരിക്കുകയാണ്. അതിനാൽ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇന്ന് ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തിൽ സ്ഥാനം ഏറ്റെടുക്കാൻ രാഹുലിനോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടും. രാവിലെ 11 മണിക്ക് ഡൽഹിയിലെ ഹോട്ടൽ അശോകയിലാണ് യോഗം . പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ വിസമ്മതിച്ചാൽ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോയ് , മനീഷ് തിവാരി എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഉള്ളതിനാൽ ഉത്തരേന്ത്യയിൽ നിന്നുള്ള നേതാകൾക്കാകും കൂടുതൽ പരിഗണന.ഇതിനു പുറമെ തെരഞ്ഞെടുപ്പ് ഫലവും പ്രവർത്തകസമിതി വിലയിരുത്തും. ഇതിന് പിന്നാലെ വൈകിട്ട് 5.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരും. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലാണ് യോഗം ചേരുന്നത്.