ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എഐസിസി ആസ്ഥാനത്തു വെച്ചാണ് യോഗം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
2024 പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ കാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റുമാരായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ സംബന്ധിക്കും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ചും പ്രവര്‍ത്തകസമിതിയില്‍ അന്തിമ ധാരണയാകും.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നത്. പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍, പാര്‍ലമെന്റിലും പുറത്തും ബിജെപി സര്‍ക്കാരിനെതിരെ നടത്തേണ്ട പ്രതിഷേധം യോഗത്തില്‍ ചര്‍ച്ചയാകും.