ഹൈദരാബാദ്: ജാതി സംവരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഷയമാക്കാനുറപ്പിച്ച് കോൺഗ്രസ്. പട്ടിക ജാതി/ വർഗ, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണത്തിന്റെ ഉയർന്ന പരിധി കൂട്ടണമെന്ന് ഹൈദരാബാദിൽ ചേർന്ന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.വരാൻ പോകുന്ന നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരേ പ്രയോഗിക്കാവുന്ന ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമായാണ് ജാതി സംവരണത്തെ ‘ഇന്ത്യ’ സഖ്യം കാണുന്നത്.
വിശാല പ്രതിപക്ഷമായ ‘ ഇന്ത്യ’ സെപ്റ്റംബർ 13ന് ഡൽഹിയിൽ ചേർന്ന ആദ്യ ഏകോപന യോഗത്തിൽ ജാതി സെൻസസ് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കിയിരുന്നു.ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ജാതി സെൻസസ് നടത്തിവരികയാണ്. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആവശ്യം.മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ഉപവിഭാഗത്തെക്കുറിച്ചുള്ള ജസ്റ്റിസ് രോഹിണി കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് സഖ്യം ആവശ്യപ്പെടുകയും ചെയ്തു.
14 പോയിന്റുകളുള്ള പ്രമേയത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജാതീയത, വർഗീയത, പ്രാദേശികവാദം എന്നിവയ്ക്കെതിരേ 10 വർഷത്തെ മൊറട്ടോറിയത്തെ കുറിച്ചും പരാമർശമുണ്ടായി.കഴിഞ്ഞ ഒന്പത് വർഷത്തിനിടെയാണ് ഈ മൂന്ന് വിഷയങ്ങളും രൂക്ഷമായതെന്നും അതിന് ബിജെപിയോട് നന്ദി പറയുന്നതായും യോഗം പരിഹാസരൂപേണ പറഞ്ഞു.
പാർലമെന്റിനകത്തും പുറത്തും ബിജെപിയുടെ രാഷ്ട്രീയ വ്യവഹാരം വിഷം കലർന്നതാണ്. വിദ്വേഷ പ്രസംഗം, വിഭജന ശക്തികൾ, ധ്രുവീകരണ പ്രവർത്തനങ്ങൾ എന്നിവയെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും പ്രവർത്തക സമിതി വിലയിരുത്തി.