


കണ്ണൂര്‍ : രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെ സുധാകരന് കണ്ണൂരില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന്‍ സ്വീകരണമാണ് സുധാകരന് അനുയായികള്‍ ഒരുക്കിയത്. ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.
റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ സുധാകരന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. വൈകാരിക മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരണം. കെ സുധാകരന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ഹൈക്കമാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എംപിമാര്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. കെ സുധാകരന് ആവശ്യപ്പെട്ട കണ്ണൂര്‍ സീറ്റില്‍ മുന്‍ മേയര്‍ ടി ഒ മോഹന്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
സുധാകരന്റെ പിടിവാശിക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു. ഇതോടെയാണ് സുധാകരന്റെ മത്സരിക്കാനുള്ള മോഹം പൊലിഞ്ഞത്. പെരുമ്പാവൂർ സീറ്റ് നിഷേധിക്കപ്പെട്ടതിൽ എൽദോസ് കുന്നപ്പിള്ളി കടുത്ത അതൃപ്തിയിലാണ്. പാർട്ടി പ്രവർത്തകരും അനുയായികളുമായി ചർച്ച ചെയ്ത് തുടർ നിലപാട് സ്വീകരിക്കുമെന്നാണ് എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കിയത്.