കൊച്ചി: നടൻ വിനായകന്റെ ഫ്ലാറ്റിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. കൊച്ചി കലൂർ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയിൽ ഗാർഡനിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകർ ഫ്ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു ആക്രമണം. ഉമ്മൻചാണ്ടിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക് കടന്ന് ജനലിന്റെ ചില്ല് തല്ലി തകർക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസും ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്നാണ് ഇവരെ മാറ്റിയത്.
ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടൻ വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഈ വീഡിയോ നടൻ ഫെയ്സ്ബുക്കിൽനിന്ന് പിൻവലിച്ചിരുന്നു. പിന്നാലെ ഉമ്മൻചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ കൊച്ചി അസി. പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരി മാഫിയ-ഗുണ്ടാബന്ധങ്ങൾ അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാ മേഖലയിലെ ലഹരി മാഫിയയുടെ തലവനെന്നും പരാതിയിൽ ആരോപിച്ചിരുന്നു.