ന്യൂഡൽഹി: പ്രോ ടെം സ്പീക്കർ സ്ഥാനത്ത് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് ആയുധമാക്കാൻ കോൺഗ്രസ്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ് എം.പിമാർ ആരോപിക്കുന്നു. ജനാധിപത്യ കീഴ്വഴക്കങ്ങളെ ബിജെപി അട്ടിമറിക്കുകയാണെന്നും വിമർശനമുണ്ട്.
സീനിയൊരിറ്റി മറികടന്നുള്ള പ്രോ ടെം സ്പീക്കർ നിയമനമാണ് വിവാദമായത്. എട്ടു തവണ എം.പിയായ കൊടിക്കുന്നിലിനെ മറികടന്നാണ് ഏഴു തവണ പാർലമെന്റ് അംഗമായ ഭർതൃഹരി മെഹത്താഭിനെ രംഗത്തിറക്കിയത്. സഭയിൽ അനുഭവസമ്പത്തുള്ള അംഗത്തെയാണ് പ്രോ ടെം സ്പീക്കർ ആക്കേണ്ടത്.
അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരെഞ്ഞെടുപ്പും കഴിഞ്ഞാൽ പ്രോ ടെം സ്പീക്കർ പദവി ഇല്ലാതാകും. മൂന്ന് ദിവസത്തെ അധികാരം എന്നതിനുപരി, കോൺഗ്രസ് അംഗത്തെ മാറ്റിനിർത്തിയതിലാണ് പ്രതിഷേധം.എട്ടു തവണ അംഗമായ മധ്യപ്രദേശിലെ ടികംഗഡ് എം.പി വീരേന്ദ്രകുമാർ മന്ത്രിയായതോടെ കൊടിക്കുന്നിലിന് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ബിജെഡിയിൽ നിന്നും ബിജെപിയിലെത്തിയ ഭർതൃഹരി മെഹ്താഭിനെ പ്രോ ടെം സ്പീക്കറായി തെരഞ്ഞെടുക്കുകയായിരുന്നു.