ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിഷയത്തിൽ ആംആദ്മി പാർട്ടി സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. കോൺഗ്രസിന്റെ പാർലമെന്റ് നയരൂപീകരണ സമിതി യോഗത്തിലാണ് ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കാൻ ധാരണയായത്. മറ്റന്നാൾ ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കെയാണ് എഎപിക്കു പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനം.
ഓർഡിനൻസ് വിഷയത്തിൽ പിന്തുണയില്ലെങ്കിൽ സഖ്യത്തിനില്ലെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്നതിനായി പ്രത്യേക അതോറിറ്റിക്ക് രൂപം നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഡൽഹി സർക്കാരിന് സുപ്രീം കോടതി ഉത്തരവിലൂടെ ലഭിച്ച അധികാരം മറികടക്കാനാണ് കേന്ദ്രസർക്കാർ ഓർഡിനൻസിലൂടെ ശ്രമിക്കുന്നത്.
പ്രത്യേക ഓർഡിനൻസ് വഴി നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റി രൂപീകരിച്ചാണ് നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കുക. കേന്ദ്രസർക്കാർ പ്രതിനിധിയെന്ന നിലയിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നതിനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാകും. മുഖ്യമന്ത്രിയാണ് സമിതി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ഹോം സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. വോട്ടെടുപ്പിലൂടെയാകും സമിതി കാര്യങ്ങൾ തീരുമാനിക്കുക.
എന്നാൽ എതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതകളുണ്ടായാൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലഫ്റ്റനന്റ് ഗവർണർക്കാകും. ഇതോടെയാണ് ആം ആദ്മി പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. പാർലമെന്റിന്റെ ഇരുസഭകളിലും ഓർഡിനൻസ് പാസാക്കേണ്ടതുണ്ട്. ഇതിനെ എതിർത്ത് തോൽപ്പിക്കാനായിരുന്നു ആം ആദ്മി പാർട്ടിയുടെ ശ്രമം. ഇതിനായി ഓർഡിനൻസിനെതിരെ പിന്തുണ തേടി അരവിന്ദ് കേജ്രിവാൾ രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ സന്ദർശിച്ചിരുന്നു.