ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. ഒമ്പതാം തീയതി വരെ നീളുന്ന ചർച്ചകളിൽ മുന്നണിയിലെ വിവിധ പാർട്ടികളുമായും കോൺഗ്രസ് പ്രാദേശിക ഘടകങ്ങളുമായും കോൺഗ്രസ് ധാരണയിലെത്തും. പശ്ചിമബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിൽ സഖ്യകക്ഷികളുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.
മുകൾ വാസ്നിക് കൺവീനറും മുൻ മുഖ്യമന്ത്രിമാരായ അശോകലോട്, ഭൂപേഷ് ബാഗേൽ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരും സമിതിയിലെ അംഗങ്ങളാണ്. രാജ്യത്തെ സംസ്ഥാനങ്ങൾ അഞ്ച് ക്ലസ്റ്ററുകൾ ആയി രൂപീകരിച്ചാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ക്ലസ്റ്റർ ചുമതലയുള്ള നേതാക്കളുമായും സഖ്യകക്ഷി പാർട്ടി നേതാക്കളുമായും ചർച്ചകൾ നടക്കും. ഈ മാസം 15 ന് അകം ഇന്‍ഡ്യ മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാം എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. 272 സീറ്റുകളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന രീതിയിലാണ് പാർട്ടിയുടെ ആഭ്യന്തര സമിതി റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിച്ചിരിക്കുന്നത്.