ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചയ്ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് യോഗം ചേരും. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും.വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നുള്ളതിൽ തീരുമാനം ഇന്ന് ഉണ്ടാകും. കേരളത്തിൻ്റെ ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഡൽഹിയിലുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ വൈകിട്ട് 6 മണിക്കാണ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുക.
ചർച്ചകൾക്ക് ശേഷം ഇന്ന് തന്നെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുവാനാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്.മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പേരുകൾ ആദ്യഘട്ട പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന.ഉത്തർപ്രദേശിലെ റായ് ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.
കേരളത്തിൽ വയനാട്, ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനം വരാൻ ഉള്ളത്.വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കും എന്നാണ് സൂചന. വയനാടിനൊപ്പം രാഹുൽ ഗാന്ധി അമേത്തി കൂടി തിരഞ്ഞെടുത്തേക്കും.ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ് എങ്കിലും പാർട്ടി ഉത്തരവാദിത്തം എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രതിസന്ധിയുണ്ട്.