തിരുവനന്തപുരം: തലസ്ഥാനത്തെ കെപിസിസി മാര്‍ച്ചില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചുകൊണ്ടുള്ള അസാധാരണ പോലീസ് നടപടിക്ക് പിന്നാലെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് വൈകിട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.
കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ചെങ്കിലും ക്രിസ്മസ് ആഘോഷത്തെ ബാധിക്കുമെന്നതിനാൽ ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.പോലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ചിലാണ് അസാധാരണ പോലീസ് നടപടി ഉണ്ടായത്. മുതിർന്ന നേതാക്കൾ ഇരുന്ന വേദിക്ക് സമീപത്തേയ്ക്ക് പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് എന്നിത്തല എന്നിവർ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.