


ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ടിവികെയ്ക്ക് കോൺഗ്രസിന്റെ പിന്തുണ ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്നാട് കോൺഗ്രസിന് നിർദേശം നൽകി.
ഇന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി യോഗവും ചേരും. കോൺഗ്രസിന്റെ ഔദ്യോഗിക പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തും ഇന്ന് പുറത്തുവിടുമെന്നാണ് വിവരം. നിലവിൽ ടിവികെയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന പനയൂരിൽ കോൺഗ്രസ് എംഎൽഎമാർ വിജയ്യെ കാണാൻ സാധ്യതയുണ്ട്.
സർക്കാർ രൂപീകരണത്തിലെ അടുത്ത ഘട്ടങ്ങൾക്ക് വഴിയൊരുക്കാൻ ഈ യോഗം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്നാട് ഭരിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും തമിഴ്നാട്ടിലെ ജനവിധി മതേതര സർക്കാരിന് വേണ്ടിയുള്ളതാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട ടിവികെ 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെയും ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് ടിവികെയുടെ ശ്രമം. 234 അംഗ തമിഴ്നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ല. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഐഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ, ഡിഎംഡികെ കക്ഷികൾക്ക് രണ്ട് സീറ്റ് വീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.