തിരുവനന്തപുരം : പി.വി അൻവറിന്റെ മുന്നണിപ്രവേശനത്തിൽ യുഡിഎഫ് തിരക്കിട്ട് തീരുമാനം എടുക്കില്ല. കൂടുതൽ ചർച്ചകൾ അനിവാര്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാവും. യുഡിഎഫിൽ ഏതെങ്കിലും ഘടകക്ഷികൾ വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യും.
അതേസമയം അൻവർ ഇന്ന് തിരുവനന്തപുരത്തെത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അടുത്ത യുഡിഎഫ് യോഗത്തിന് മുൻപായി അൻവർ നൽകും. യുഡിഎഫുമായി സഹകരിക്കുന്നതിന് നിലമ്പൂർ സീറ്റ് തടസ്സമായി നിൽക്കില്ലെന്നാണ് അൻവറിന്റെ നിലപാട്. വന നിയമത്തിൽ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തിൽ നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും അൻവർ പറഞ്ഞിരുന്നു. അതിനിടെ അൻവറിന്റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തിയിട്ടുണ്ട്.
ഒമ്പത് കൊല്ലം എംഎൽഎയായിരുന്ന പി.വി അൻവർ കർഷകർക്കും ആദിവാസികൾക്കും വേണ്ടി ഒന്നും ചെയ്തില്ല. അൻവറിന്റെ വരവോടെ ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയിൽ അനൈക്യമുണ്ടാകുമോ എന്ന കാര്യം കൂടി വിലയിരുത്തി വേണം നേതൃത്വം തീരുമാനമെടുക്കാനെന്നും ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അൻവറിന്റെ യുഡിഎഫ് പ്രവേശനം പാർട്ടിയും മുന്നണിയും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ അൻവർ വിളിച്ച് നന്ദി പറഞ്ഞു. വയനാട്ടിലെ വിവാദത്തിൽ അന്വേഷണ റിപ്പേർട്ട് വന്ന ശേഷം പ്രതികരിക്കാമെന്നും ചെന്നിത്തല പറഞ്ഞു. എ.എൻ കൃഷ്ണദാസിനെതിരായ നടപടി സിപിഐഎമ്മിന്റെ പുകമറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.