ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി. രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സഹോ മത്, ദാരോ മത് (സഹിക്കേണ്ട, ഭയപ്പെടേണ്ട) എന്ന ടാഗ്ലൈനോടെയാണ് ‘ന്യായ് ഗാനം’ പുറത്തിറക്കിയിരിക്കുന്നത്.
സിഎഎ വിരുദ്ധ പ്രതിഷേധം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, രാഹുൽ ഗാന്ധിയുടെ കന്യാകുമാരി- കാശ്മീർ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ, കർഷകരും തൊഴിലാളികളുമായുള്ള ആശയവിനിമയം എന്നിവ ഉൾക്കൊള്ളുന്ന ഗാനം പാർട്ടിയുടെ എല്ലാ സോഷ്യൽമീഡിയ ഹാൻഡിലുകളിലും പങ്കുവച്ചിട്ടുണ്ട്.
‘നമുക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വീടുകളിലും എത്തും. തെരുവുകൾ മുതൽ പാർലമെന്റ് വരെ എത്തും. ഇനിയും സഹിക്കേണ്ട. ഭയപ്പെടേണ്ട!’- ഗാനം പങ്കുവച്ച് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കഴിഞ്ഞ 10 വർഷത്തെ അനീതിക്കെതിരെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പൗരസമൂഹത്തോട് രാഹുല്‍ ഗാന്ധി സംവദിക്കുകയും ചെയ്തു. യാത്രയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളാണ് രാഹുല്‍ ഗാന്ധി പൗരസമൂഹത്തോട് ചോദിച്ചത്. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ യാത്രയില്‍ ഉന്നയിക്കണമെന്ന മറുപടിയാണ് ലഭിച്ചത്.