ന്യൂഡല്‍ഹി : നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രസര്‍ക്കാരിനെതിരെ ബ്ലാക്ക് പേപ്പര്‍ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ ദുരിതം തുടങ്ങിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ കരിമ്പത്രിക.
രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ബിജെപി അതേക്കുറിച്ച് സംസാരിക്കുന്നുപോലുമില്ല. കേരളം, കര്‍ണാടക, തെലങ്കാന തുടങ്ങിയ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.
രാജ്യത്തെ ജനാധിപത്യം അപകടാവസ്ഥയിലൂടെയാണ് പോകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 411 എംഎല്‍എമാരെയാണ് ബിജെപി പിടിച്ചെടുത്തത്. അവര്‍ നിരവധി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുമെന്ന് ഇടക്കാല ബജറ്റ് വേളയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രസ്താവിച്ചിരുന്നു. ഇതിനു മുമ്പായിട്ടാണ് കോണ്‍ഗ്രസ് ബ്ലാക്ക് പേപ്പര്‍ പുറപ്പെടുവിച്ചത്.