തിരുവനന്തപുരം : മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക് തന്നെ. സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്നും കോൺഗ്രസ് അറിയിച്ചു. തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കും.
ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റായിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ വയനാട് സീറ്റിനായി അവകാശവാദം ഉന്നയിക്കൂ എന്നായിരുന്നു ലീഗ് നിലപാട്. കണ്ണൂർ, കാസർഗോഡ്, വടകര സീറ്റുകളിലും അവകാശ വാദം ഉന്നയിച്ചിരുന്നു. രാജ്മോഹൻ ഉണ്ണിത്താനോട് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിനുള്ള അതൃപ്തി മുതലെടുത്തായിരുന്നു മണ്ഡല പരിധിയിൽ രണ്ടു എം.എൽ.എമാരുള്ള ലീഗ് കാസർഗോഡ് സീറ്റിനായി ശ്രമിച്ചത്.
നിലവിലെ തീരുമാനം അനുസരിച്ച് 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. നിലവിൽ ലീഗിന് 2 സീറ്റ് മാത്രമാണുള്ളത്. കേരള കോൺഗ്രസ്സിനും ആർഎസ്പിക്കും ഓരോ സീറ്റ് വീതവും. സീറ്റ് വിഭജനം അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിലാണുണ്ടാവുക. ഈ മാസം 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.