ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന് ഗൗരവ് വല്ലഭ് എക്സിൽ കുറിച്ചു. സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനോ, രാജ്യത്ത് സമ്പത്ത് സൃഷ്ടിച്ചവരെയും അതിസമ്പന്നരെയും അധിക്ഷേപിക്കാനോ അവർക്കെതിരെ പ്രവർത്തിക്കാനോ തനിക്ക് കഴിയില്ലെന്ന് ഗൗരവ് വല്ലഭ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ഗൗരവ് വല്ലഭ്, കോൺഗ്രസ് പാർട്ടിയെ ദിശാബോധം ഇല്ലാത്ത പാർട്ടിയെന്നാണ് വിശേഷിപ്പിച്ചത്. ജാതി സെൻസസ് നടപ്പിലാക്കനുള്ള കോൺഗ്രസിന്റെ തീരുമാനങ്ങൾക്കെതിരായാണ് തന്റെ രാജിയെന്നും കത്തിലുണ്ട്. ‘കോൺഗ്രസ് പാർട്ടിയുടെ ദിശാബോധമില്ലാത്ത യാത്രയിൽ ഞാൻ അസ്വസ്ഥനാണ്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്താനോ രാജ്യത്ത് സമ്പത്ത് സൃഷ്ടിച്ചവരെയും അതിസമ്പന്നരെയും അധിക്ഷേപിക്കാനോ അവർക്കെതിരെ പ്രവർത്തിക്കാനോ എനിക്ക് കഴിയില്ല. കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജിവെക്കുകയാണ്’- ഗൗരവ് വല്ലഭ് എക്സിൽ എഴുതി പുതിയ ഇന്ത്യയുടെ ആവശ്യങ്ങൾ ഒട്ടും മനസിലാക്കാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ്.
പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ പൂർണമായും തകർന്നിരിക്കുകയാണെന്നും വല്ലഭ് രാജിക്കത്തിൽ ആരോപിച്ചു. ഇതുമൂലം പാർട്ടിക്ക് അധികാരത്തിൽ വരാനോ പ്രതിപക്ഷമെന്ന നിലയിൽ ശക്തമായ പങ്ക് വഹിക്കാനോ കഴിയുന്നില്ല. ഇത് എന്നെപ്പോലുള്ള ഒരു പ്രവർത്തകനെ നിരാശനാക്കുന്നു. മുതിർന്ന നേതാക്കളും താഴെത്തട്ടിലുള്ള പ്രവർത്തകരും തമ്മിലുള്ള വിടവ് നികത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഗൗരവ് വല്ലഭ് കത്തിൽ കൂട്ടിച്ചേർത്തു.മല്ലികാർജുൻ ഖാർഗെയുടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം കൈകാര്യം ചെയ്തിരുന്ന ഗൗരവ് വല്ലഭ് സാമ്പത്തിക വിഷയങ്ങളിൽ വിദഗ്ധനായിരുന്നു. 2023 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദയ്പൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും തോറ്റിരുന്നു.