ലക്നോ : പീഡനക്കേസിൽ അറസ്റ്റിലായി ജയലിൽ കഴിയുന്ന കോൺഗ്രസ് എംപി രാകേഷ് റാത്തോഡിന് ജാമ്യം. സീതാപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയാണ് ജാമ്യം അനുവദിച്ചത്. അദ്ദേഹം ഇന്ന് ജയിൽമോചിതനായേക്കും.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം ഫയൽ ചെയ്ത പീഡനക്കേസിൽ മാർച്ച് 11 ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് രാകേഷ് റാത്തോഡിന് ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ അതേ ദിവസം തന്നെ, സീതാപൂർ പോലീസ് ബിഎൻഎസ് സെക്ഷൻ 69 ചേർത്ത് കുറ്റപത്രം സമർപ്പിച്ചു. ഇതേതുടർന്ന് അദ്ദേഹത്തിന് ജയിൽമോചിതനാകാൻ സാധിച്ചില്ല. ഇത് പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തുടർന്ന് അദ്ദേഹം കീഴ്ക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഗൗരവ് പ്രകാശ് സെക്ഷൻ 69 കേസിൽ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
കോടതിയിൽ അദ്ദേഹത്തിന് വേണ്ടി ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് ജാമ്യ ബോണ്ടുകൾ സമർപ്പിച്ചതായി എംപിയുടെ അഭിഭാഷകൻ വിജയ് കുമാർ സിംഗ് പറഞ്ഞു. ജനുവരി 30 ന് അറസ്റ്റിലായ രാകേഷ് റാത്തോഡ് അന്നുമുതൽ സീതാപൂർ ജില്ലാ ജയിലിലാണ്.
പോലീസും പ്രോസിക്യൂഷനും പറയുന്നതനുസരിച്ച്, വിവാഹവാഗ്ദാനവും രാഷ്ട്രീയ ജീവിതത്തിൽ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് 45കാരിയായ സ്ത്രീയെ പീഡിപ്പിച്ചുവെന്നുമാണ് കോൺഗ്രസ് നേതാവിനെതിരെയുള്ള കുറ്റം.