തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും സിപിഎം പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും.
564 സ്റ്റേഷനുകളിലേക്ക് നടത്തുന്ന മാർച്ചിൽ അഞ്ച് ലക്ഷം പേർ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. നവകേരള സദസ് സമാപിക്കുന്ന 23ന് കെപിസിസി ഡിജിപി ഓഫീസിലേക്കും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കെഎസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ എസ്കോർട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു.