ഭോപ്പാൽ: നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എൽ പി ജി സിലിണ്ടർ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണിവ. ‘വചൻ പത്രിക’ എന്ന് പേര് നൽകിയിരിക്കുന്ന പ്രകടനപത്രിക പുറത്തിറക്കുന്നത് മദ്ധ്യപ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷൻ കമൽ നാഥ്, എ ഐ സി സി ജനറൽ സെക്രട്ടറി റൺന്ദീപ് സുർജേവാല എന്നിവർ ചേർന്നായിരിക്കും.
സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ് പ്രകടനപത്രികയിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം. വാർദ്ധക്യ പെൻഷൻ, കാർഷിക കടങ്ങൾ എഴുതി തള്ളുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ, ഒന്ന് മുതൽ എട്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മാസം 500 രൂപ ധനസഹായം, ഒൻപത്, പത്ത് ക്ളാസ് വിദ്യാർത്ഥികൾക്ക് 1000 രൂപ, പതിനൊന്ന്, പന്ത്രണ്ട് ക്ളാസ് വിദ്യാർത്ഥികൾക്ക് 1500 ധനസഹായം എന്നീ വാഗ്ദാനങ്ങളും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉണ്ടെന്നാണ് വിവരം.
മദ്ധ്യപ്രദേശ് നിയമസഭയിൽ 230 സീറ്റുകളിലേക്കുള്ള പോളിംഗ് നിശ്ചയിച്ചിരിക്കുന്നത് നവംബർ 17നാണ്. ഒറ്റ ഘട്ടമായാണ് പോളിംഗ് നടക്കുക. ഡിസംബർ മൂന്നിന് വോട്ടെണ്ണും. 144 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായി ഉയർന്നിരുന്നു. 109 സീറ്റുകളായിരുന്നു അന്ന് ബി ജെ പി നേടിയത്. ബി എസ് പി, എസ് പി, സ്വതന്ത്ര എം എൽ എമാർ എന്നിവരുടെ പിന്തുണയോടെ കമൽനാഥിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ 2020ൽ നിരവധി കോൺഗ്രസ് എം എൽ എമാർ കൂറുമാറിയതോടെ സർക്കാർ വീണു.