പാലക്കാട്: മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ്. അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി നടന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആരോപിച്ചു. പദ്ധതിയുടെ ഭാഗമായ സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമാണെന്നും, കൃത്യമായി ടെൻണ്ടർ വിളിച്ചിട്ടില്ല എന്നുമാണ് ആരോപണം.
അട്ടപ്പാടിയിൽ നടപ്പാക്കിയ 6.35 കോടി രൂപയുടെ അനെർട്ട് പദ്ധതിയിൽ അഴിമതി നടന്നതായാണ് കോൺഗ്രസിൻ്റെ ആരോപണം. താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ മേഖലകളിൽ നടപ്പാക്കിയ പദ്ധതിയുടെ കരാറിൽ അഴിമതിയുണ്ടെന്ന് സുമേഷ് അച്യുതൻ പറഞ്ഞു. ടെൻണ്ടറിൽ പങ്കെടുത്ത ഏക കമ്പനിയായ തെലുങ്കാനയിലെ വിൻഡ്സ്ട്രീം എനർജി ടെക്നോളജിക്ക് രേഖപ്പെടുത്തിയ തുകയ്ക്കു തന്നെ കരാർ നൽകി. ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്ന നടപടിയാണ് ഇവിടെ ലംഘിച്ചത്.
ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പണിക്കൂലിയെന്ന പേരിൽ ചെലവഴിച്ചതായി പറയുന്ന 85 ലക്ഷം രൂപയിൽ അഞ്ചു ലക്ഷം പോലും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ലെന്നും സുമേഷ് ചൂണ്ടികാട്ടി. സൗരോർജ-വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം, അഴിമതി ആരോപണം മന്ത്രി തള്ളി. വിഷയത്തിൽ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നു.