അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ലിസ്റ്റെന്ന് പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് സത്യം. കെ കരുണാകരന്റെ മകള്‍ പത്മജ ബിജെപിയില്‍ ചേര്‍ന്നത് കൊണ്ടു മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഞെട്ടിപ്പിക്കുന്ന ഈ ട്വിസ്റ്റുണ്ടായതെന്ന നിഗമനം തന്നെയാണ് യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്നത്.
തൃശൂരില്‍ സുരേഷ് ഗോപി പത്ത് വോട്ടിനെങ്കിലും ജയിച്ചാല്‍ അത് പത്മജയുടെ വിജയമായി എണ്ണപ്പെടും എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയപ്പോഴാണ് ഒറ്റരാത്രി കൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് മാറി മറിഞ്ഞത്. അതോടെ വടകരയില്‍ നിന്നും കെ മുരളീധരന് തൃശൂരിലെത്തി. പാലക്കാട് എംഎല് എ എന്ന നിലയില്‍ വീട്ടില്‍ സ്വസ്ഥമായി കിടന്നുറങ്ങിയിരുന്ന ഷാഫി പറമ്പിലിനെ വിളിച്ചുണര്‍ത്തി വടകരയില്‍ മല്‍സരിക്കാനും നിര്‍ദേശിച്ചു. എഐസിസിയിലെ രണ്ടാമനായ കെസി വേണുഗോപാലാകട്ടെ ആലപ്പുഴയില്‍ താന്‍ മല്സരിച്ചാലേ സീറ്റ് കിട്ടൂ എന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കണ്ണൂർ തന്നെ ഉറപ്പാക്കി. സുധാകരന് ഇല്ലെങ്കിൽ കണ്ണൂര്‍ കൈ വിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നുണ്ടായിരുന്നു. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍, കെ മുരളീധരന് തൃശൂരില്‍, വടകരയില്‍ ഷാഫി പറമ്പില്‍, ബാക്കിയുള്ള മണ്ഡലങ്ങളില്‍ 2019 ല്‍ ജയിച്ചവര്‍ തന്നെ മല്‍സരിക്കും. ഇതാണ് ഹൈക്കമാന്‍ഡ് ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റ്.
രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും ഒരേ സംസ്ഥാനത്ത് തന്നെ മല്‍സരിക്കുന്നതിലെ വൈരുധ്യം ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇത്രയും നീണ്ടുപോകാന്‍ കാരണം. അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമായിരുന്നു. പത്മജയുടെ ബിജെപി പ്രവേശന വാര്‍ത്ത അറിഞ്ഞപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആദ്യമൊന്ന് പകച്ചു പോയെങ്കിലും പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു. അടിക്ക് തിരിച്ചടിയെന്ന നിലപാട് എടുത്തില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിൽ പാര്‍ട്ടി നാമവശേഷമായേക്കാന് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും സംസ്ഥാന നേതൃത്വത്തിനും മനസിലായി. പെട്ടെന്ന് തന്നെ എല്ലാവരും അറ്റാക്കിംഗ് മോഡിലേക്ക് മാറി.
കെ മുരളീധരന് സുരേഷ് ഗോപിക്കെതിരെ തൃശൂരില്‍ മല്സരിക്കട്ടേയെന്ന തീരുമാനം അങ്ങിനെയാണ് ഉണ്ടാകുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിച്ച് ബിജെപിയുടെ സാധ്യതകളെ തല്ലിക്കെടുത്തി ഹീറോ ആയ ആളാണ് മുരളീധരന്. എവിടെ മല്‍സരിക്കാനും അദ്ദേഹത്തിന് മടിയൊന്നും ഇല്ല താനും. പൊതുവേ ‘ റിസ്ക് ടേക്കര്‍ എന്ന് വിളിക്കപ്പെടുന്നയാളാണ് മുരളി. കുറിക്കു കൊള്ളുന്ന പൊളിറ്റിക്കൽ കമന്റുകൾ ആരെയും ഭയമില്ലാതെ നടത്താനും അദ്ദേഹത്തിന് മടിയില്ല. അപ്പോള്‍ പാവം പിടിച്ചവന് എന്ന ഇമേജുള്ള ടിഎന്‍ പ്രതാപനേക്കാള്‍ തൃശൂരില്‍ നല്ലത് പോരാളി പ്രതിച്ഛായയുള്ള മുരളിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടിയതില്‍ അല്‍പ്പം പോലും തെറ്റില്ല.
സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്ണ്ണയമൊഴികെ മറ്റെല്ലാം വെറും ഔപചാരികത മാത്രമായിരുന്നു. കാരണം നിലവിലുള്ള 15 കോണ്‍ഗ്രസ് എംപിമാരും മല്‍സരിക്കട്ടെയെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്നും ആരും ഇല്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇടതുമുന്നണിയാണെങ്കില്‍ ആ സമുദായത്തില്‍ നിന്നും നാല് സ്ഥാനാര്‍ത്ഥികളെയാണ് അണിനിരത്തിയിരിക്കുന്നത്. കോൺഗ്രസിൽ നിന്നും ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി പോലും ഇല്ലാതിരിക്കുന്നത് തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഭയന്നിരുന്നു. ആലപ്പുഴയില്‍ മത്സരിക്കുന്ന സിറ്റിംഗ് എംപി ആരിഫ് ആ സമുദായത്തില്‍ നിന്നുള്ളയാളായതിനാൽ അവിടെ മുസ്ലിം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിച്ചാല്‍ ഭൂരിപക്ഷ ഹിന്ദുവോട്ടുകളും ഒരു വിഭാഗം ക്രിസ്ത്യന്‍ വോട്ടുകളും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞേക്കുമെന്ന ഭീതിയുമുണ്ടായിരുന്നു.
എന്നാല്‍ പത്മജയുടെ ബിജെപി പ്രവേശം ഈ ചിന്താക്കുഴപ്പങ്ങളെല്ലാം ഞൊടിയിടയില്‍ പരിഹരിച്ചു. വടകരയില്‍ ഷാഫി പറമ്പിലും തൃശൂരില്‍ മുരളീധരനും മല്‍സരിക്കാന്‍ തിരുമാനിച്ചപ്പോള്‍ തന്നെ രംഗം മാറി. ഇന്നലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി പെട്ടെന്ന് തീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞതുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം സംഭവിച്ചത്. അത് രാഷ്ട്രീയമായി കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണകരമാവുകയും ചെയ്തു.
ഇനി തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം മതി. കേരളത്തില്‍ അരങ്ങുണര്‍ന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ വര്‍ധിത വീര്യത്തിലാണ്. രണ്ടോ മൂന്നോ സീറ്റുകള്നഷ്ടപ്പെടുമെന്ന ഭീതി ഉണ്ടെങ്കിലും അങ്ങിനെ വന്നാലും പിടിച്ചു നില്‍ക്കാമെന്ന ധൈര്യത്തിലാണ് പാര്‍ട്ടിയിപ്പോള്‍. ആലപ്പുഴയില്‍ വേണുഗോപാല്‍ വന്നതും വടകരയില്‍ മുരളി മാറി ഷാഫി വന്നതും മാത്രമാണ് പ്രകടമായ മാറ്റം എന്ന് പറയാമെങ്കിലും ഈ മാറ്റങ്ങള്‍ മൊത്തത്തില്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് രംഗത്ത് ഒരു പുത്തനുണർവ് ഉണ്ടാക്കിയിട്ടുണ്ട്. ഇനി വരുന്നിടത്ത് വച്ചു കാണാം എന്നാണ് പൊതുവേ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവം.