അബ്ദുള്ളക്കുട്ടിയും അനില്‍ ആന്റണിയുമൊഴിച്ച് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയവരെല്ലാം നിരാശരാണ്. കാര്യമായ ഒരു പദവികളും അവരെ തേടിയെത്തിയില്ല. കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഉയര്‍ന്ന പദവികളുണ്ടായിരുന്നവരാണ് ഇവരിൽ പലരും. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലും ഇടതുമുന്നണിയിലുമെത്തിയ നേതാക്കളില്‍ പലര്‍ക്കും ബമ്പറടിക്കുകയും ചെയ്തിട്ടുണ്ട് . മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്ന ലതികാ സുഭാഷ് ഫോറസ്റ്റ് ഡവലപ്മെന്റ് കോര്പ്പറേഷന് ചെയര്‍പേഴ്സാണായി. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെപി അനില്‍കുമാര്‍ സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്കിന്റെ ചെയര്‍മാനായി വിലസുന്നു. പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നിയമിക്കപ്പെട്ടു. സിപിഎമ്മിലെത്തിയ കോണ്‍ഗ്രസുകാരില്‍ എതാണ്ടെല്ലാവരും പദവികൾ നേടി തൃപ്തരായപ്പോൾ ബിജെപിയിലെത്തിയ കോണ്‍ഗ്രസുകാര്‍ പൊതുവേ അസ്വസ്ഥരാണ്.
കെപിസിസി നിര്‍വ്വാഹക സമിതിയംഗവും കെടിഡിസി ചെയര്‍മാനുമായിരുന്ന വിജയന് തോമസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബിജെപിയിലെത്തിയ നേതാവാണ്. ഇതുവരെ പറയത്തക്ക ഒരു സ്ഥാനവും അദ്ദേഹത്തിന് കിട്ടിയിട്ടില്ല. എഐസിസി വക്താവായിരുന്നു ടോം വടക്കന്‍. തൃശൂരില്‍ നിന്നും ലോക്സഭയിലേക്ക് മല്‍സരിക്കുമെന്ന് വരെ കേട്ടിരുന്നു. അദ്ദേഹം ബിജെപിയിലെത്തിയിട്ട് പിന്നെ ശബ്ദം കേട്ടിട്ടില്ല. ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം എന്ന പദവി മാത്രം കിട്ടി. അബ്ദുള്ളക്കുട്ടി പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനായി. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയും ഇപ്പോള്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയും. അബ്ദുള്ളക്കുട്ടിക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്മാന് സ്ഥാനവുമുണ്ട്. ആ പദവി വേറെ ആര്‍ക്കും കൊടുക്കാനും പറ്റില്ലല്ലോ. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ജി രാമന് നായര്‍, പ്രമീളാദേവി എന്നിവര്‍ക്കും കാര്യമായ ഒരു സ്ഥാനവും കിട്ടിയില്ല. മുന്‍ പിഎസ്എസി ചെയര്‍മാനും കാലടി സര്‍വ്വകലാശാല വിസിയുമായിരുന്ന ഡോ. കെഎസ് രാധാകൃഷ്ണന് രണ്ടുതവണ പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ അവസരം നല്കി. ഒരു കാലത്ത് കോണ്‍ഗ്രസിലെ ബുദ്ധിജീവികളില്‍ പ്രമുഖനായിരുന്നു ഡോ. കെഎസ് രാധാകൃഷ്ണന്. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലിന് പാര്‍ട്ടി അംഗത്വമല്ലാതെ ഒന്നും ഇതുവരെ ബിജെപി ഒന്നും നല്‍കിയിട്ടില്ല. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണവര്‍.
സിപിഎമ്മിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നതും മികച്ച പദവി തന്നെ നല്കാന് കേരളത്തിലെ സിപിഎം ശ്രദ്ധിക്കുന്നുണ്ട്. രണ്ടുതവണയായി അധികാരത്തിലിരിക്കുന്ന സിപിഎമ്മിന് അത് സാധിക്കുകയും ചെയ്യും. എന്നാല്‍ ബിജെപിക്ക് ഇന്ത്യയില്‍ എല്ലാ ഭാഗത്തുനിന്നും എല്ലാ പാര്‍ട്ടികളില്‍ നിന്നും തങ്ങളുടെ കൂടെച്ചേരുന്ന നേതാക്കളെ പരിഗണിക്കണം. അതില്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാരായിരുന്നവരും മുഖ്യമന്ത്രിമാരായിരുന്നവരുമൊക്കെയുണ്ട്. അതുകൊണ്ട് വരുന്നവര്‍ക്കെല്ലാം അഖിലേന്ത്യ തലത്തില്‍ വലിയ പദവികള്‍ നല്കാന് കഴിയുകയുമില്ല. കേരളത്തില്‍ നിന്നും ബിജെപിയിലെത്തുന്നവര് നേരിടുന്ന പ്രശ്നമതാണ്. അതോടൊപ്പം മറ്റൊന്നുകൂടി കേരളത്തില്‍ ബിജെപി അഭിമുഖീകരിക്കുന്നുണ്ട്. ഇപ്പോഴും കോണ്‍ഗ്രസില്‍ നിന്നും ജനപിന്തുണയുള്ള ഒരു നേതാവിനെപ്പോലും ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കാരണം ബിജെപിയില്‍ ചേര്‍ന്നാല്‍ രാഷ്ട്രീയമായി അനാഥരായിപോകുമെന്നാണ് കേരളത്തിലെ അവസ്ഥ. ഇപ്പോഴും ബിജെപിക്ക് കേരളത്തില്‍ മുഖ്യധാരയില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുളള നീക്കം വലിയ പ്രതീക്ഷയോടെ നടത്തിയതായിരുന്നു. എന്നാല്‍ അതുദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല പലയിടത്തും തിരിച്ചടിക്കുക കൂടി ചെയ്തു. എന്നാലും ബിജെപി ശ്രമം തുടരുന്നു.
2021ല്‍ യുഡിഎഫിന് ഭരണം ലഭിക്കാതിരുന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ സാധ്യതകള്‍ ദേശീയ ബിജെപി നേതൃത്വം കണ്ടിരുന്നു. പ്രകാശ് ജാവേദ്കറിനെ കേരളാ പ്രഭാരിയായി അയച്ചതും അതുകൊണ്ടായിരുന്നു. എന്നാല്‍ കാര്യമായ ഒരു നേട്ടവും സംസ്ഥാനത്ത് ബിജെപിക്കുണ്ടാക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്നാടുമാണ് ഇപ്പോഴും ബിജെപിയുടെ പ്രതീക്ഷക്കപ്പുറം പിടി കൊടുക്കാതെ നില്‍ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും വരാനുള്ള നേതാക്കളെല്ലാം വന്നു കഴിഞ്ഞുവെന്നാണ് ബിജെപി പറയുന്നത്. സിപിഎമ്മില്‍ നിന്നും മുന്‍ മൂന്നാര്‍ എംഎല്‍എ എസ് രാജേന്ദ്രനെപ്പോലെയുള്ളവരെ നോട്ടമിട്ടെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് അതിനെ തടഞ്ഞു നിര്‍ത്താന്‍ പാർട്ടിക്ക് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ശ്രദ്ധ കൊടുത്തിട്ടുപോലും കേരളത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാതെ പോകുന്നതിന്റെ നിരാശ ബിജെപിക്കുണ്ട്.