തിരുവനന്തപുരം: കെ.സുധാകരനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ. എ.കെ ആന്റണിയും കെ മുരളീധരനും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കളാണ് കെപിസിസി പ്രസിഡന്റിന് പിന്തുണയുമായി എത്തിയത്.
പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസില്‍ അകപ്പെടുത്താനാണ് ശ്രമമെന്ന് മുരളീധരന് പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ജയിലില്‍ കിടക്കുന്നതിന് തുല്ല്യമാണ് പിണറായിയുടെ ഭരണകാലത്ത് ജയിലില്‍ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്ന് ചെയ്യുന്ന പ്രവൃത്തി മതി ആയുഷ്ക്കാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാന്‍. ഡല്‍ഹിയിലേക്ക് നോക്കുമ്പോള്‍ ഈനാംപേച്ചി ആണെങ്കില്‍ തിരുവനന്തപുരത്തേക്ക് നോക്കുമ്പോള്‍ മരപ്പട്ടിയാണെന്നും മുരളീധരന് പരിഹസിച്ചു കെ. സുധാകരനെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകും. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു.
സുധാകരന്റെ അറസ്റ്റിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തുവന്നു. കള്ളക്കേസിൽ കുടുക്കിയാൽ രാജി വയ്ക്കാനുള്ളതല്ല കെപിസിസി അധ്യക്ഷസ്ഥാനം. നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് പിണറായി പോലീസിന്റെ നീക്കമെന്നും വേണുഗോപാൽ പറഞ്ഞു.
.