തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി . സോളാർ കേസിൽ സിപിഎമ്മും പിണറായി വിജയനും ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുഖ്യമന്ത്രിയെ ക്ഷണിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ മുതിർന്ന നേതാക്കളുടെ സമ്മർദം മൂലമാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നാണ് റിപ്പോർട്ട്. പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനെ അനുസ്മരണ സമ്മേളനത്തിലേക്കു ക്ഷണിച്ചതിന്റെ അതൃപ്തി പരസ്യമാക്കി കെപിസിസി ഡിജിറ്റൽ മീഡിയ കണ്‍വീനർ പി. സരിനും രംഗത്തെത്തിയിരുന്നു. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്‍.മാധവന്‍കുട്ടിയുടെ അടക്കം വെളിപ്പെടുത്തലുകളുടെ മുനയൊടിക്കുന്നതാണ് ക്ഷണമെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയം, ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഇന്നു വൈകുന്നേരം നാലിന് അയ്യൻകാളി ഹാളിൽ നടക്കും. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിക്കും.അനുസ്മരണ സമ്മേളനത്തിൽ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കൾ, വിവിധ രാഷ്ട്രീയ നേതാക്കൾ, മന്ത്രിമാർ, ജനപ്രതിനിധികൾ, മതമേലധ്യക്ഷന്മാർ, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.