ന്യൂഡല്‍ഹി : തൊഴില്‍ സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ വേണമെന്ന ഇന്‍ഫോസിസ് ചെയര്മാന് നാരായണ മൂര്‍ത്തിയുടെ വാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. തന്നേപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ ദിവസം 12 മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്ന് തിവാരി അവകാശപ്പെട്ടു.
ആഴ്ചയില്‍70 മണിക്കൂര്‍ പ്രവൃത്തി സമയം ആക്കണമെന്ന നാരായണമൂര്‍ത്തിയുടെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദം എന്തിനെന്ന് മനസ്സിലാകുന്നില്ല. അതില്‍ എന്താണ് തെറ്റ്?. ഞായറാഴ്ചയും പൂര്‍ണ പ്രവൃത്തി ദിനമെന്ന് മനീഷ് തിവാരി പറഞ്ഞു.
അവസാനമായി ഒരു ഞായറാഴ്ച അവധി എടുത്തത് എപ്പോഴാണെന്ന് ഓര്‍മ്മയില്ലെന്ന് തിവാരി പറഞ്ഞു. ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഒരു വലിയ ശക്തിയാകണമെങ്കില്‍ ഒന്നോ രണ്ടോ തലമുറകള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ തൊഴില്‍ സമയം ആക്കേണ്ടതുണ്ട്.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അവധി നല്‍കാവുന്നതാണ്. ഇതുപ്രകാരം ഒരു വര്‍ഷത്തില്‍ 15 ദിവസത്തെ അവധിയും മാനദണ്ഡമാക്കി മാറ്റണമെന്ന് മനീഷ് തിവാരി അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ധിക്കാന്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ യുവാക്കള്‍ തയ്യാറാവണമെന്നാണ് നാരായണ മൂർത്തി ആവശ്യപ്പെട്ടത്. ജപ്പാന്, ജര്‍മനി എന്നി രാജ്യങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു നാരായണ മൂര്‍ത്തി ഇക്കാര്യം വിശദീകരിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഈ രണ്ടു രാജ്യങ്ങള്‍ തൊഴില്‍ സമയം നീട്ടുന്നത് നടപ്പാക്കി. അതിന്റെ പ്രയോജനം ആ രാജ്യങ്ങളില്‍ കാണാമെന്നും നാരായണ മൂര്‍ത്തി ഓര്‍മ്മിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കൂ