തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയെന്ന ഗുരുതര ആരോപണവുമായി ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാല്‍. യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചെന്ന് വേണുഗോപാല്‍ ആരോപിച്ചു.സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പോളിംഗ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായി. വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ഇടങ്ങളാണ്. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.ഇവിഎം തകരാറിലായി മൂന്ന് മണിക്കൂറോളം പോളിംഗ് നടക്കാതിരുന്ന ബൂത്തുകളുണ്ട്. അഞ്ചും ആറും മണിക്കൂര്‍ വരി നിന്നവര്‍ക്ക് ദാഹജലം കൊടുക്കാന്‍ പോലും സംവിധാനം ഉണ്ടായില്ല. രാത്രി വൈകി പോളിംഗ് തുടര്‍ന്നപ്പോള്‍ സ്ത്രീകള്‍ അടക്കം ഇരുട്ടത്താണ് വരി നിന്നത്. വോട്ടര്‍ പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ ആളുകളായിരുന്നു. പലരും പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളുടെ പേരുകളാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തത്.തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിനെതിരേ നിയമപരമായി നീങ്ങുമെന്ന് വേണുഗോപാല്‍ പറഞ്ഞു.