
മുംബൈ : മഹാരാഷ്ട്രയിലെ അംബേര്‍നാഥ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസ്. അംബേര്‍നാഥ് വികാസ് അഗാഡി എന്ന പേരിലുള്ള മുന്നണിയില്‍ അജിത് പവാറിന്റെ എന്‍സിപിയും ഭാഗമാണ്. സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയുടെ തേജശ്രീ കരഞ്ജുലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 32 വോട്ടുകള്‍ക്കാണ് തേജശ്രീയുടെ ജയം.
മഹാരാഷ്ട്ര സര്‍ക്കാരില്‍ സഖ്യകക്ഷിയായ ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്കാണ് അംബേര്‍നാഥ് വികാസ് അഗാഡിയില്‍ നിന്നും തിരിച്ചടി നേരിട്ടത്. പരാജയപ്പെട്ടത്. ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥിയായ മനീഷ വാലെകര് മേയര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 27 സീറ്റ് നേടിയ ഷിന്‍ഡെയുടെ ശിവസേനയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉണ്ടായിരുന്നില്ല.
ഷിന്‍ഡെയുടെ ശിവസേനയെ ഒതുക്കാനായി ബിജെപിയും കോണ്‍ഗ്രസും എന്‍സിപിയും കൈകോര്‍ക്കുകയായിരുന്നു. ബിജെപിക്ക് 14, കോണ്‍ഗ്രസിന് 12, എന്‍സിപി അജിത് പവാര്‍ വിഭാഗം നാല് എന്നിങ്ങനെയായിരുന്നു കൗണ്‍സിലിലേക്ക് വിജയിച്ചിരുന്നത്. രണ്ട് പേര് സ്വതന്ത്രരാണ്. ഇതില്‍ ഒരു സ്വതന്ത്രന് കൂടി പിന്തുണച്ചതോടെ, അംബേര്‍നാഥ് വികാസ് അഗാഡി കേവല ഭൂരിപക്ഷമായ 30 മറികടക്കുകയും ചെയ്തിരുന്നു.
ശിവസേനയുടെ ദീര്‍ഘകാല ഭരണത്തിന് കീഴില്‍ അഴിമതിയും ഭീഷണി സംസ്കാരവും വളര്‍ന്നുവെന്നും അംബെര്‍നാഥില്‍ വികസനം ഉറപ്പാക്കാനാണ് ഈ സഖ്യം എന്നുമാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ട തേജശ്രീ കരഞ്ജുലെ അഭിപ്രായപ്പെട്ടത്. എന്നാല്‍ അവിഹിത സഖ്യമെന്ന് ശിവസേന കുറ്റപ്പെടുത്തി. വിവാദമായതോടെ, സഖ്യത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാലിസ് രംഗത്തെത്തി. ഇത് അംഗീകരിക്കാനാകില്ലെന്നും, ശക്തമായ നടപടി ഉണ്ടാകുമെന്നും ഫഡ്നാവിസ് പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ അംബേര്‍നാഥ് വികാസ് അഗാഡിയില്‍ നടപടിയുമായി കോണ്‍ഗ്രസ് രംഗത്തു വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 12 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പൂര്‍ണമായും തെറ്റായ നടപടിയാണിതെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. അംബേര്‍നാഥ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.