ജൂലായ് 16 നു വയനാട്ടിലാരംഭിക്കുന്ന കെപിസിസിയുടെ രണ്ടു ദിവസത്തെ കോണ്‍ക്ളേവിന് സംഘടനക്കുള്ളില്‍ എന്ത് രാഷ്ട്രീയമാറ്റമുണ്ടാക്കാന് കഴിയുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. കെപിസിസി അധ്യക്ഷനെ നിയോഗിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇതുവരെ പുനസംഘടന നടന്നിട്ടില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, നിയമസഭാകക്ഷി നേതാവ് വിഡി സതീശനും തമ്മിലുള്ള പടലപ്പിണക്കമാണ് കോണ്‍ഗ്രസിലെ പുനസംഘടനയെ തടഞ്ഞുനിര്‍ത്തുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനും കേവലം 20 മാസങ്ങള്‍ മാത്രമേയുള്ളു. മാത്രമല്ല പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളും അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ട് എത്രയും പെട്ടെന്നു പാര്‍ട്ടി പുനസംഘടന നടത്തി, എല്ലാ തട്ടിലും ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും അവരോധിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഏറ്റമുട്ടല്‍ വലിയ ദോഷമാണ് സംഘടനാ തലത്തില്‍ പാര്ട്ടിക്കുണ്ടാക്കിയതെന്ന് എല്ലാ കോണ്‍ഗ്രസ് നേതാക്കളും കരുതുന്നുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ശനമായി ഇടപെട്ടാണ് അവസാനം ഇവര്‍ തമ്മിലുള്ള ചക്കളത്തിപ്പോരിന് പരിഹാരമുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നേട്ടമുണ്ടായെങ്കിലും ഇവര്‍ തമ്മിലുള്ള പോരാട്ടം പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം മാറിയിട്ടില്ല. പ്രതിപക്ഷ നേതാവിനെ കെപിസിസി അധ്യക്ഷന്‍ പരസ്യമായി അസഭ്യം പറയുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെങ്കിലും കെസി വേണുഗോപാല്‍ വഴി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതിനെ കൈകാര്യം ചെയ്തു.
കെപിസിസി ഭാരവാഹികള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിയുണ്ടാകുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗമായത് കൊണ്ട് അദ്ദേഹത്തിന് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജിവക്കേണ്ടി വരും. അപ്പോള്‍ കൊടിക്കുന്നിലിന് പകരം പുതിയൊരാളെ കണ്ടുപിടിക്കേണ്ടതായിട്ടും വരും. കൊടുക്കുന്നിലിന് പകരം വരുന്ന വര്‍ക്കിംഗ് പ്രസിഡന്റ് അദ്ദേഹത്തിന്റെ സമുദായത്തില്പ്പെട്ടയാളായിരിക്കുകയും വേണം. തൃശൂര്‍ സീറ്റ് ഒഴിഞ്ഞ ടി എന്‍ പ്രതാപന് നിലവില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാണ്. അതോടൊപ്പം പിടി തോമസും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മൂലമുണ്ടായ ഒഴിവും അടിയന്തിരമായി നികത്തേണ്ടതുണ്ട്. ഇതെല്ലാം രണ്ടുദിവസത്തെ കോണ്‍ക്ളേവ് ചര്‍ച്ചചെയ്യുമെന്നാണ് കരുതുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ രണ്ടുവര്‍ഷമായി കെപിസിസി ട്രഷററുടെ പോസ്റ്റും ഒഴിഞ്ഞു കിടക്കുകയാണ്.മുന്‍ ,കെപിസിസി അധ്യക്ഷന്‍ വരദരാജന്‍നായരുടെ മകന് പ്രതാപചന്ദ്രനായിരുന്ന കെപിസിസി ട്രഷറര്‍ പദവി വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം മൂലം ഒഴിവു വന്ന ആ പദവിയിലേക്കും ആരെയും കണ്ടെത്തിയിട്ടില്ല.അതോടൊപ്പം പ്രവര്‍ത്തിക്കാത്ത ഭാരവാഹികളെ നീക്കി പുതിയവരെ നിയമിക്കുകയും വേണം. പ്രവര്‍ത്തനത്തില്‍ മികവ് കാട്ടാത്ത ഒരാളെയും ഇനി ഭാരവാഹി സ്ഥാനത്ത് വച്ചുകൊണ്ടിരിക്കണ്ട എന്നാണ് ഹൈ്ക്കമാന്ഡ് നിര്‍ദേശം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും ഈ തിരുമാനത്തിന് അനുകൂലമാണ്. പതിനാല് ഡിസിസി അധ്യക്ഷന്മ്മാരില് ഭൂരിഭാഗവും മാറേണ്ടിവരുമെന്ന സൂചനയാണ് നല്‍കുന്നത്. തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ കെ മുരളീധരന്റെ പരാജയത്തെത്തുടര്‍ന്ന് നേരത്തെ രാജിവച്ചിരുന്നു. അദ്ദേഹത്തിനും പകരക്കാരനെ കണ്ടെത്തണം.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി , കൊല്ലം തുടങ്ങിയ ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മ്മാരെ മാറ്റി കൂടുതല്‍ ചെറുപ്പമായ ആളുകളെ തല്‍സ്ഥാനത്ത് കൊണ്ടുവരണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴുള്ള ഡിസിസി അധ്യക്ഷന്മ്മാരും കമ്മിറ്റികളും വിഎം സുധീരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സമയത്ത് രൂപീകരിച്ചതാണ്. അവ പുനസംഘടിപ്പിച്ചേ മതിയാകൂ മാത്രമല്ല ഇവയെല്ലാം ജംബോ കമ്മിറ്റികളുമാണ്. കമ്മിറ്റികളുടെ വലുപ്പം കുറക്കുക, പുനസംഘടനയില്‍ സ്ത്രീകള്‍ ദളിതര്‍ ന്യുനപക്ഷങ്ങള്‍ക്ക് തുടങ്ങിയവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക ഇത്തരം കാര്യങ്ങളെക്കുറിച്ച് വളരെ ഗൗരവമായ ചര്‍ച്ചകള്‍ കോണ്‍ക്ളേവില്‍ നടക്കും.ഇപ്പോള്‍ നടക്കുന്ന പുനസംഘടനയിലൂടെ വരുന്ന കമ്മിറ്റികളാണ് വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതെന്നതാണ് ഏറ്റവും സുപ്രധാനമായിട്ടുള്ള കാര്യം. അതുകൊണ്ടാണു പുതുമുഖങ്ങളെ സംഘടനയുടെ ഉത്തരവാദിത്തങ്ങളിലേക്ക് കൊണ്ടുവരണമെന്നു കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസാണ് പാര്‍ട്ടി എന്നത് കൊണ്ട് ഇതൊക്കെ നടക്കുമോ നടക്കില്ലയോ എന്ന് ദൈവത്തിന് പോലും പറയാന്‍ കഴിയുകയുമില്ല.