കൊൽക്കത്ത : ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് സിപിഐഎമ്മിനെ ക്ഷണിച്ച് കോൺഗ്രസ്. യാത്ര പശ്ചിമംബംഗാളിലേക്ക് കടക്കാനിരിക്കെയാണ് യാത്രയുടെ ഭാഗമാകാൻ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ഉള്‍പ്പെടെയുള്ളവരെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
വിഷയം ഇടത് മുന്നണിയില്‍ ചർച്ച ചെയ്ത് അറിയിക്കാമെന്ന് സിപിഎം കോണ്‍ഗ്രസിനെ അറിയിച്ചു. എന്നാല്‍, തൃണമൂല്‍ പങ്കെടുക്കുമെങ്കില് യാത്രയുടെ ഭാഗമാകില്ലെന്നും സിപിഎം നിലപാട് അറിയിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമാകാൻ തൃണമൂല്‍ കോണ്‍ഗ്രസിനും ക്ഷണമുണ്ട്. അതേസമയം ബിഹാറില്‍ നീതീഷ് കുമാർ പങ്കെടുക്കമെന്ന് അറിയിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യാത്ര ബീഹാറിലെ പൂർണിയയിൽ എത്തുമ്പോൾ ബിഹാർ മുഖ്യമന്ത്രിക്കൊപ്പം തേജസ്വി യാദവും പങ്കെടുക്കും. ബംഗാളിൽ നിന്ന് കിഷൻഗഞ്ച് വഴി 29 ന് ആണ് യാത്ര ബീഹാറിൽ കടക്കുക.