ഡല്‍ഹി : വിവാദങ്ങൾക്കിടെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോഗം. യോഗത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും വിട്ടുനില്‍ക്കും. നിലവിൽ പാർട്ടിക്ക് ഊർജമുണ്ടെന്നും അത്യുജ്ജല ഊർജമാണ് വേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ശശിതരൂർ അതൃപ്തി അറിയിക്കേണ്ടിയിരുന്നത് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ആയിരുന്നുവെന്ന് പി.ജെ കുര്യൻ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും അധ്യക്ഷതയിലാകും യോഗം. കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങിയ 40 ഓളം നേതാക്കൾ പങ്കെടുക്കും.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. . പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു.പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.