കെപിസിസി അധ്യക്ഷസ്ഥാനം വേഗം തിരിച്ചുതരണണമെന്ന അഭ്യര്‍ത്ഥന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളിയതില്‍ കെ സുധാകരന് അതീവ രോഷാകുലനാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. മെയ് രണ്ടിന് കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ സുധാകരനോട് എംഎം ഹസന് തന്നെ തുടരട്ടെയെന്നും ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി വന്നതിന് ശേഷം കെപിസിസി അധ്യക്ഷസ്ഥാനം തിരികെ നല്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് ഹൈക്കമാന്‍ഡ് അറിയിച്ചത്. ഇതോടെ സ്ഥാനമേറ്റെടുക്കാതെ അദ്ദേഹത്തിന് ഇന്ദിരാ ഭവനിൽ നിന്നും തിരിച്ചുപോരേണ്ടി വന്നു.
ലോക്സഭയിലേക്ക് മല്‍സരിക്കുന്നില്ലെന്ന് പറഞ്ഞ് ആദ്യം സുധാകരന് മാറി നില്‍ക്കുകയായിരുന്നു. തനിക്ക് പകരം തന്റെ അനുയായിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജയന്തിന് സീറ്റ് നല്‍കണമെന്നാണ് സുധാകരന് ആവശ്യപ്പെട്ടത്. എന്നാല്‍ ജയന്തിന് സീറ്റ് കൊടുക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് തള്ളി. കെ സുധാകരന് മല്‍സരിച്ചില്ലെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ സീനിയര്‍ ആയ ആള് മല്സരിക്കട്ടെ എന്ന നിലപാട് ഹൈക്കമാന്‍ഡ് കൈക്കൊണ്ടു. ഇതോടെ വെട്ടിലായ കെ സുധാകരന് താന്‍ തന്നെ മല്സരിച്ചോളാമെന്ന് പറയുകയായിരുന്നു.
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മല്‍സരിക്കണമെന്നായിരുന്നു കെ സുധാകരന്റെ ആഗ്രഹം. അത് മുളയിലേ നുള്ളുന്നതിലും ഹൈക്കമാന്‍ഡ് വിജയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ വേണം എന്ന സുധാകരന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പോളിംഗ് കഴിയുന്നത് ജൂണ്‍ ഒന്നിനാണെന്നും അതിന് ശേഷം നാലാം തീയതിയിലെ വോട്ടണ്ണെലിന് ശേഷം അധ്യക്ഷ സ്ഥാനം തിരികെത്തരുന്ന കാര്യം ആലോചിക്കാമെന്നുമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ പറയുന്നത്.
കണ്ണൂരില്‍ നിന്നും ജയിച്ചാല്‍ കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും നല്കാന് സാധ്യത കുറവാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മുന്നേറ്റമുണ്ടായാല്‍ കേരളത്തിലടക്കമുള്ള എല്ലാ പിസിസികളിലും വന്‍ അഴിച്ചുപണിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ താല്പര്യമില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കണ്ണൂരുകാരനാണെങ്കിലും അദ്ദേഹത്തെ സ്വന്തം ജില്ലയിലേക്ക് ഇതുവരെയും അടുപ്പിക്കാതിരുന്നത് കെ സുധാകരനാണെന്ന് കോണ്‍ഗ്രസിലെ എല്ലാവര്ക്കും അറിയാം. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷം കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിനെ തന്റെ കൈപ്പിടിയില്‍ കൊണ്ടുവരാന്‍ കെസി വേണുഗോപാല്‍ ശ്രമിച്ചെങ്കിലും കെ സുധാകരന് അതിനും തടയിട്ടു. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ സാധാരണപ്രവര്‍ത്തകര്‍ക്കിടയില്‍ കെ സുധാകരന് വലിയ സ്വാധീനം ഇപ്പോഴുമുണ്ട്. അതിനെ തകര്‍ക്കുക അത്ര എളുപ്പവുമല്ല. എന്നാല്‍ തനിക്ക് തോന്നിയാല്‍ ബിജെപിയില്‍ ചേരുമെന്നൊക്കെ കെസുധാകരന് നടത്തിയ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് വളരെ ഗൗരവത്തിലെടുത്തിട്ടുണ്ട്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാനാണ് കെ സുധാകരന് കരുക്കള്‍ നീക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെപിസിസി അധ്യക്ഷന്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതുകൊണ്ടാണത്. എന്നാല്‍ കെ സുധാകരനെ ഇനി അധ്യക്ഷസ്ഥാനത്ത് വച്ചുകൊണ്ടിരിക്കരുതെന്നാണ് പ്രതിപക്ഷനേതാവും അദ്ദേഹത്തിന്റെ അടുത്തയാളുകളും പറയുന്നത്. സുധാകരന് പിസിസി അധ്യക്ഷനായി വന്നതിന് ശേഷം കേരളത്തില്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലന്നും മോന്സണ് മാവുങ്കലിനെപ്പോലുള്ള ഒരാളുടെ പണാപഹരണക്കേസുകളില്‍ കെപിസിസി അധ്യക്ഷന്‍ പ്രതിയാകേണ്ടി വന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചുവെന്നും വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുനല്‍കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് കെ സുധാകരന് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈക്കമാന്‍ഡുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്നാണ് അവര്‍ പറഞ്ഞത്. ഏതായാലും ജൂണ്‍ നാല് വരെ കാത്തിരിക്കാനാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ കെ സുധാകരന് നല്‍കിയിരിക്കുന്ന നിര്‍ദേശം. വേറെ വഴിയില്ലാത്തത് കൊണ്ട് അദ്ദേഹം അത് അനുസരിക്കുകയും ചെയ്യുന്നു