ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. 1961 ലെ ചട്ടം ഭേദഗതി ചെയ്തത് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ റിട്ട്ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്കു നല്കുന്നതു തടയുന്നതാണ് ചട്ടഭേദഗതി. ഈ ഭേദഗതി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നഷ്ടപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ പറയുന്നു.
ദുരുപയോഗം തടയുക ലക്ഷ്യമിട്ട് ചിത്രീകരിക്കുന്ന സിസിടിവി കാമറ, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ചട്ടത്തില്‍ മാറ്റം വരുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര നിയമ മന്ത്രാലയം വെള്ളിയാഴ്ചയാണ് 1961 ലെ തെരഞ്ഞെടുപ്പ് നിയമങ്ങളിലെ ചട്ടം 93(2)(എ) ഭേദഗതി വരുത്തിയത്.
ഇതുപ്രകാരം പേപ്പറുകള്‍ പോലുള്ള രേഖകള്‍ മാത്രമാകും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനാകുക. ഭേദഗതി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏറെ നിര്‍ണായകമാണെന്നും, തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനായി കോടതി ഇടപെട്ട് ചട്ടഭേദഗതി റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.