ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാനുള്ള കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം തിങ്കളാഴ്ച മുതൽ ഡൽഹിയിൽ തുടങ്ങും. കേരളത്തിന്റെ പട്ടികയിൻമേലുള്ള ചർച്ച 5ന് ചൊവ്വാഴ്ചയാകും നടക്കുക.
ഒറ്റഘട്ടമായി പാർട്ടി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനും നീക്കമുണ്ട്. ബി.ജെ.പി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കുന്ന സാഹചര്യത്തിലാണിത്. ചില സംസ്ഥാനങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റികളുടെ യോഗം പൂർത്തിയാകാത്തതാണ് ഇന്നു തുടങ്ങേണ്ടിയിരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം വൈകാനിടയാക്കിയത്. കേരളത്തിൽ സ്ക്രീനിംഗ് കമ്മിറ്റി നിർദ്ദേശിച്ച പട്ടികയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡൽഹിയിലെത്തും. വയനാട് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമാണ് കേരളത്തിന്റെ ചർച്ചകളിൽ പ്രധാനം. ആലപ്പുഴയിലെ സ്ഥാനാർത്ഥിയുടെ പേരും സ്ക്രീനിംഗ് കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ല.