ഉപതെരഞ്ഞെടുപ്പ് വരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാട്ടും ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കും. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസായിരിക്കും ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍പ്പെടുന്ന ചേലക്കരയുമായി എംപിയായിരുന്ന രമ്യ ഹരിദാസിനാണ് കൂടുതല്‍ അടുപ്പമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. രമ്യക്ക് വിജയസാധ്യതയുണ്ടെന്നും സിപിഎമ്മില്‍ കെ രാധാകൃഷ്ണന് മല്‍സരിക്കുന്നത് കൊണ്ടാണ് അവിടെ ഇടതുമുന്നണി ജയിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല.
ഷാഫി പറമ്പില്‍ മൂന്നുവട്ടം ജയിച്ച പാലക്കാട്ടെ ഉപതെരഞ്ഞടുപ്പാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കൂടുതൽ നിര്‍ണ്ണായകമായിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന മെട്രോമാന് ഇ ശ്രീധരനെ 3000 വോട്ടിന് തോൽപിച്ചാണ് ഷാഫി ഹാട്രിക് വിജയം നേടിയത്. ശ്രീധരന് ജയസാധ്യത ഉണ്ടായിരുന്നിട്ടും സിപിഎമ്മുകാര്‍ ഷാഫിക്ക് വോട്ടു ചെയ്തത് കൊണ്ടാണ് അദ്ദേഹം പരാജയപ്പെട്ടതെന്നാണ് പിന്നീട് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇത്തവണ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാലക്കാട് സീറ്റ് നിലനിര്‍ത്തണം. അതിന്റെ റിസ്ക് താനെടുത്തുകൊള്ളാമെന്ന് ഹൈക്കമാന്‍ഡിന് ഉറപ്പ് കൊടുത്താണ് വിഡി സതീശന് ഷാഫിയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. അതുകൊണ്ട് എന്ത് വിലകൊടുത്തും പാലക്കാട് ജയിച്ചേ പറ്റൂ.
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. നിലവിൽ സിപിഎം അവിടെ മൂന്നാം സ്ഥാനത്താണ്. 2016ലെ തെരഞ്ഞെടുപ്പിലാണ് ശോഭാ സുരേന്ദ്രനിലൂടെ ബിജെപി ആദ്യമായി അവിടെ രണ്ടാം സ്ഥാനത്തുവന്നത്. പിന്നീട് മലമ്പുഴക്കൊപ്പം ബിജെപി രണ്ടാം സ്ഥാനത്ത് തുടരുന്ന മണ്ഡലമായി പാലക്കാട് മാറി. ഷാഫിക്ക് ശേഷം ആ സീറ്റു നിലനിര്‍ത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത രാഷ്ട്രീയ തിരിച്ചടിയായിരിക്കും ഉണ്ടാവുക.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലോ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് വിടി ബലറാമോ പാലക്കാട് സ്ഥാനാര്ത്ഥിയാകുമെന്നാണറിയുന്നത്.
ഷാഫി പറമ്പിലിന്റെ പിന്തുണ രാഹുലിനാണ്. എന്നാല്‍ പത്തനംതിട്ട സ്വദേശിയായ രാഹുലിനെ പാലക്കാട് മല്‍സരിപ്പിച്ചാല്‍ അവിടുത്തെ കോണ്‍ഗ്രസുകാര്‍ കാലുവാരുമോ എന്ന പേടി നേതാക്കള്‍ക്കുണ്ട്. പാലക്കാട്ട് ബിജെപി ജയിച്ചാൽ കോണ്‍ഗ്രസിലെ ഒരു നേതാവിനും തലയുയര്‍ത്തി നടക്കാന്‍ പറ്റില്ല. ബിജെപിയെ നിയമസഭയില്‍ എത്തിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് പാലക്കാട് നിന്നും ഷാഫിയെ വടകരയില്‍ കൊണ്ടുവന്നു നിര്‍ത്തിയതെന്നും അവിടെ ഷാഫി വാങ്ങിച്ച ബിജെപി വോട്ടുകൾ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കോണ്‍ഗ്രസ് തിരിച്ചുനല്‍കുമെന്നും നേരത്തെ തന്നെ സിപിഎം ആരോപിച്ചിരുന്നു. അതുകൊണ്ട് പാലക്കാട് തോല്‍ക്കുന്ന കാര്യം കോണ്‍ഗ്രസിന് ആലോചിക്കാനേ വയ്യ.
വിടി ബല്‍റാം രണ്ടു തവണ തൃത്താല എംഎല്‍എ ആയിരുന്നുവെന്ന് മാത്രമല്ല പുതിയ തലമുറയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രമുഖനുമാണ്. കടുത്ത ബിജെപി വിരുദ്ധ നിലപാടുകള്‍ എടുക്കുന്ന ബല്‍റാമിനെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും കോണ്‍ഗ്രസിനറിയാം. വിജയത്തില്‍ക്കുറഞ്ഞ ഒന്നും പാലക്കാട് കോണ്‍ഗ്രസിന് സ്വീകാര്യമാകില്ല. അവിടെ ബിജെപി ജയിക്കുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഉത്തരം പറയേണ്ടി വരും.
രാഹുല്‍ മാങ്കൂട്ടത്തിലിന് ആറന്മുള മണ്ഡലത്തില്‍ മല്‍സരിക്കാനാണ് കൂടുതല്‍ താല്പര്യം എന്നറിയുന്നു. കഴിഞ്ഞ രണ്ടുതവണ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ജയിച്ച മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മല്‍സരിച്ചാല്‍ അനായാസം മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് കണക്കു കൂട്ടുന്നത്. സിപിഎം അണികള്‍ പോലും വീണക്കെതിരേ തിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ആറന്മുളയിലുള്ളത്. പാലക്കാട്ട് വിടി ബല്‍റാമിനെ മല്‍സരിപ്പിക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആഗ്രഹമെന്നറിയുന്നു. ഏതായാലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ നിർണായകമാണ്