ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരായ ആക്രമണമാണെന്നും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഖണ്ഡത തകര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സിസിടിവി ക്യാമറ, വെബ്കാസ്റ്റിംഗ് ഫൂട്ടേജുകള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതു പരിശോധന തടയുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയം 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. ഇവയുടെ ദുരുപയോഗം തടയാനാണ് നീക്കം എന്ന് പറഞ്ഞായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇതിനെതിരെയാണ് ഖര്‍ഗെയുടെ വിമര്‍ശനം.
“നേരത്തെ, അവർ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സെലക്ഷൻ പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിരുന്നു, ഇപ്പോള്‍ അവര്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും തെരഞ്ഞെടുപ്പ് വിവരങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്,’ ഖര്‍ഗെ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം കമ്മീഷന് നിസാരമായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഭേദഗതി സംബന്ധിച്ച കേന്ദ്രസർക്കാരിൻ്റെ തീരുമാനത്തെ പാർട്ടി നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പെരുമാറ്റച്ചട്ടം 93 അനുസരിച്ച്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ‘വിവരങ്ങളും’ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭേദഗതിയിൽ എല്ലാ വിവരങ്ങളും എല്ലാവര്ക്കും പരിശോധിക്കാന്‍ കഴിയില്ല.