തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകി സംസ്ഥാന കോൺഗ്രസ് നേതൃത്വം. കടുത്ത തർക്കം നിലനിന്നിരുന്ന മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായി 55 ബ്ലോക്കുകളിൽ ഇന്നോടെ ധാരണയാകും . പതിനഞ്ചു ബ്ലോക്കുകളിൽ മാത്രമാണ് തർക്കം ശേഷിക്കുന്നത്. ഡി.സി.സി ഭാരവാഹികളെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിശ്ചയിച്ചാൽ മതിയെന്നാണ് ധാരണ.
ബാക്കിയുള്ള ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികകൾ അതത് ജില്ലകളിലേക്ക് ഇന്നലെ രാത്രിയോടെ കൈമാറി. മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കുന്നതിനുള്ള ചർച്ചകൾ ജില്ലകളിൽ പുരോഗമിക്കുന്നുണ്ട്. കെ.പി.സി.സി ഉപസമിതി തുടർച്ചയായി യോഗങ്ങൾ ചേർന്നാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ കരട് പട്ടികയ്ക്ക് ഏറെക്കുറെ ധാരണയുണ്ടാക്കിയത്. ഒറ്റപ്പേരുകളിലേക്കെത്താൻ കഴിയാത്ത ഇടങ്ങളിൽ രണ്ട് പേരുകൾ വീതം ചേർത്ത് തീരുമാനം കെ.പി.സി.സിക്ക് വിടുകയായിരുന്നു. ഉപസമിതി 170ഓളം ബ്ലോക്കുകളിൽ ഒറ്റപ്പേരുകളിലേക്കെത്തിയിരുന്നു.തർക്കം അവശേഷിച്ച ഇടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തുടർച്ചയായി യോഗങ്ങൾ ചേർന്ന് അന്തിമ ധാരണയിലെത്തിയത്.