ബംഗളൂരു: മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയ കർണാടകയിലെ കോൺഗ്രസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.കോൺഗ്രസ് പുതിയ മുസ്ലിം ലീഗ് ആയി പരിണമിക്കുകയാണെന്നും ഹിന്ദുവിരുദ്ധ നയങ്ങളാണ് അവർ പിന്തുടരുന്നതെന്നും ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു.
മതപരിവർത്തന മാഫിയ മുഖ്യമന്ത്രി സിദ്ധരാമയ്യയെ സ്വാധീനിച്ചെന്നും ഹിന്ദുക്കളെ തുടച്ചുനീക്കാനാണോ ഈ നിയമം പിൻവലിച്ചതെന്നും മുൻ കേന്ദ്രമന്ത്രി ബി.ആർ. പാട്ടീൽ ട്വിറ്ററിൽ കുറിച്ചു.കോൺഗ്രസ് പുതിയ മുസ്ലിം ലീഗായി മാറുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സി.ടി. രവി പ്രതികരിച്ചു.
വ്യാഴാഴ്ചയാണ് ബസവരാജ് ബൊമ്മെ സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചത്. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. നിർബന്ധപൂർവ്വം മതം മാറ്റുന്നത് തടയാനാണ് നിയമം എന്നായിരുന്നു ബിജെപി സർക്കാരിന്റെ ന്യായീകരണം. എന്നാൽ നിയമം ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ഉൾപ്പെടെ ആരോപിച്ചിരുന്നത്.