ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്ത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് കോൺഗ്രസ് നിലപാടെന്ന്, മുതിർന്ന നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. എക്കാലത്തും രാജ്യ താൽപര്യത്തിനായിരിക്കണം പ്രഥമ പരിഗണനയെന്നും ജയറാം രമേശ് കുറിച്ചു.
‘‘ഭീകരതയ്ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് കോൺഗ്രസ് നിലപാട്. പ്രത്യേകിച്ചും, ഭീകരവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിക്കുമ്പോൾ. എക്കാലവും നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്’’ – ജയറാം രമേശ് കുറിച്ചു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്കെതിരെ, അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിക്കൊണ്ടായിരുന്നു തിരിച്ചടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ്, കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തിയത്.
The Indian National Congress has always believed that our country's fight against terrorism has to be uncompromising, especially when terrorism threatens India's sovereignty, unity and integrity. Our country's interests and concerns must be kept paramount at all times.#Canada
— Jairam Ramesh (@Jairam_Ramesh) September 19, 2023