തൃശൂര്‍:ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ പത്മജ വേണുഗോപാലിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ പാളി. രാജ്യസഭാ സീറ്റ് നൽകാമെന്ന് പറഞ്ഞു പലതവണ പറ്റിച്ചെന്നും ഒഴിവ് വരുന്ന അടുത്ത രാജ്യസഭാ സീറ്റ് ഉറപ്പ് നൽകാന് കഴിഞ്ഞില്ലെന്നും പത്മജ നേതാക്കളോട് പറഞ്ഞു.
തൃശൂർ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണക്കാരായവരെ ഭാരവാഹിയാക്കിയതിലും പത്മജക്ക് പ്രതിഷേധമുണ്ട്. ഇന്നലെ ബി.ജെ.പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ പത്മജ ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചേക്കും. ഇന്നലെയാണ് പത്മജ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും കോൺഗ്രസ് നേതാവ് എന്നത് എഡിറ്റ് ചെയ്തു നീക്കി,കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തക എന്ന് മാത്രമാക്കി. ബി.ജെ.പിയിൽ ചേരുമെന്നത് അഭ്യൂഹം മാത്രമാണ് എന്ന് വ്യക്തമാക്കി ഇന്നലെ ഉച്ചയ്ക്ക് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈകിട്ട് ഒഴിവാക്കിയിരുന്നു.