ഹൈദരാബാദ്: തെലങ്കാനയിൽ വധുക്കൾക്ക് സ്വർണമടക്കം നൽകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്. അർഹതപ്പെട്ട വധുക്കൾക്ക് പത്ത് ഗ്രാം വീതം സ്വർണവും ഒരു ലക്ഷം രൂപയും വീതം നൽകുമെന്നാണ് കോൺഗ്രസ് ഇറക്കിയ പ്രകടനപത്രികയിലുള്ളത്. മഹാലക്ഷ്മി ഗാരന്റി എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.
സ്ത്രീകൾക്ക് 2,500 രൂപ വീതം പ്രതിമാസം നൽകുമെന്നും 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ നൽകുമെന്നുമാണ് മറ്റ് പ്രധാന വാദ്ഗാനങ്ങൾ. ഇതിനു പുറമേ ടിഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയ്ക്കുള്ള സൗകര്യമൊരുക്കുമെന്നും വിദ്യാർഥികൾക്ക് സൗജന്യ ഇൻറർനെറ്റ് സേവനം നൽകുമെന്നും കോൺഗ്രസിന്റെ പത്രികയിലുണ്ട്.അധികാരത്തിൽ വന്നാൽ ഉടൻ തന്നെ ഇത് സംബന്ധിച്ച് ഇന്റർനെറ്റ് സേവനദാതാക്കളുമായി ചർച്ച നടത്തുമെന്നും കോൺഗ്രസ് പ്രകടന പത്രിക സമിതി ചെയർമാൻ ഡി.ശ്രീധർബാബു അറിയിച്ചു.
15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും 400 രൂപയ്ക്ക് പാചകവാതക സിലിണ്ടറും നൽകുമെന്നായിരുന്നു ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു ഇറക്കിയ പ്രകടനപത്രികയിലുണ്ടായിരുന്ന മുഖ്യവാഗ്ദാനം. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരടക്കമുള്ളവർക്ക് വിതരണം ചെയ്യുന്ന പെൻഷൻ തുക വർധിപ്പിക്കുമെന്നും ബിആർഎസിന്റെ പ്രകടനപത്രികയിലുണ്ട്. തെലങ്കാനയിൽ നവംബർ നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.