ന്യൂഡൽഹി: ജമ്മു കശ്മീരിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻസി) തമ്മിൽ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻസി 43, കോൺഗ്രസ് 40, മറ്റുള്ളവർ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ. അതോടെ, ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ പിഡിപി കശ്മീരിൽ സഖ്യത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി. പിഡിപിക്കു മുന്നിൽ വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് സൂചിപ്പിക്കുന്നതെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നതിൽ എൻസിക്കും പിഡിപിക്കും ഇടയിലെ വൈമുഖ്യമാണു തടസ്സം. സിപിഎമ്മും ആം ആദ്മി പാർട്ടിയും സഖ്യത്തിന്റെ ഭാഗമാകും.
കോൺഗ്രസിനു കൂടുതൽ വേരോട്ടമുള്ള ജമ്മു മേഖലയിൽ 12 സീറ്റ് എൻസിക്കു നൽകും; തിരിച്ച്, എൻസിയുടെ സ്വാധീനമേഖലയായ കശ്മീരിൽ 12 സീറ്റ് കോൺഗ്രസിനും. ചതുഷ്കോണ മത്സരം നടന്ന 2014ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയുടെ 28 സീറ്റും കശ്മീരിലായിരുന്നു. ജമ്മുവിൽ 25 സീറ്റുമായി ബിജെപിയും നേട്ടമുണ്ടാക്കി. 15 സീറ്റ് എൻസിയും 12 സീറ്റ് കോൺഗ്രസും 7 സീറ്റ് മറ്റുള്ളവരും നേടി.ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ എൻസി നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെയും ഒമർ അബ്ദുല്ലയും സന്ദർശിച്ചാണു സീറ്റ് ധാരണയുണ്ടാക്കിയത്. പൂർണ അധികാരങ്ങളോടെ സംസ്ഥാനപദവി തിരിച്ചുനൽകുക എന്ന വിഷയം ഉയർത്തിയാകും ഇന്ത്യാസഖ്യം വോട്ടു തേടുകയെന്ന് ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി 27 ആണ്.