കൊച്ചി : എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടുകളില്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും. മുഖ്യമന്ത്രി ഒരുനിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു.
കേസിലെ തെളിവുകളെ അതിജീവിക്കാന്‍ പിണറായിക്കോ മകള്‍ക്കോ കഴിയില്ലെന്ന് സുധാകരന് പറഞ്ഞു. കേരള ഹൗസില്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്നും പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ഥ്യമെന്നും കെ സുധാകരന് പറഞ്ഞു.
മകളെ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. ഇത് ഒരു സീരിയസ് അഴിമതിക്കേസാണ്. അന്വേഷണം പൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രി മാറി നില്‍ക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.