തിരുവനന്തപുരം : മുതലപ്പൊഴിയിൽ മണൽ നീക്കം തടസപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു. ഇതിൽ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഹാർബർ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഒാഫീസിലേക്ക് മത്സ്യത്തൊഴിലാളികൾ പ്രതിഷേധക്കാർ തള്ളിക്കയറിയിരുന്നു.
മുജീബിനെ കസ്റ്റഡിയിലെടുത്ത പൊലീസിന് നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുജീബിനെ പൊലീസ് കോസ്റ്റൽ സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതൽ മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഡ്രഡ്ജർ എത്തിച്ചിട്ടും പലകാരണങ്ങളാൽ മണൽ നീക്കാൻ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്.ഇതിന് പിന്നാലെയാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.