ന്യൂഡല്‍ഹി : വരാനിരിക്കുന്ന വിവാഹ സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ്. വിവാഹ സീസണിന്റെ ആദ്യ ഘട്ടമായ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 23 ദിവസ കാലയളവില്‍ രാജ്യത്ത് 35 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് വ്യാപാരികളുടെ സംഘടനയുടെ കണക്കുകൂട്ടല്‍. ഇതിലെല്ലാമായി പര്‍ച്ചേയ്സുകളും സേവനങ്ങളുമായി ബന്ധപ്പെട്ട് 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് അനുമാനം.
‘നവംബര്‍ 23 മുതല്‍ ഡിസംബര്‍ 15 വരെയുള്ള വിവാഹ സീസണിലെ ആദ്യ ഘട്ടം വ്യാപാരി സമൂഹത്തിന് സന്തോഷം പകരുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ഏകദേശം 4.25 ലക്ഷം കോടി രൂപയുടെ വിവാഹ വ്യാപാരം പ്രതീക്ഷിക്കുന്നു,’ – കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ ട്വീറ്റ് ചെയ്തു. അതിനിടെ വിവാഹ സീസണില്‍ ഒരാളുടെ ശരാശരി ചെലവ് അഞ്ചുലക്ഷമായി ഉയരുമെന്നാണ് ഐപിഒ ഇന്ത്യ കണക്കുകൂട്ടുന്നത്.
ഗോവ, ജയ്പൂര്‍, കേരള, ഷിംല എന്നിവയാണ് വിവാഹവുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍.ഡെസ്റ്റിനേഷന്‍ വെഡിങ്, തീംഡ് വെഡിങ് തുടങ്ങിയവയാണ് ഇപ്പോള്‍ ട്രെന്‍ഡ് എന്നും ഐപിഒ ഇന്ത്യ പറയുന്നു. വരുന്ന വിവാഹ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍, സാരികള്‍, ഫര്‍ണീച്ചറുകള്‍ അടക്കമുള്ളവയുടെ ആവശ്യകത വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.