തിരുവനന്തപുരം: കെ.സുധാകരനും വിഡി സതീശനുമെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചത്.
ഈ നേതാവുമായി ബന്ധപ്പെട്ട ആളുകളാണ് മോന്സന് ഉള്‍പ്പെട്ട കേസില്‍ സുധാകരനെതിരേ പരാതി നല്‍കിയത്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേരത്തെ കെ.സുധാകരന് മുന്നറിയിപ്പ് നല്‍കിയത് ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോരാണ്. ഗ്രൂപ്പുകള്‍ ഇനി സജീവമാകുമെന്നാണ് ബ്ലോക്ക് പുനഃസംഘടനുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബെന്നി ബഹനാന് പറഞ്ഞത്. കേസ് വന്നപ്പോള്‍ സുധാകരന് ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ലഭിച്ച പിന്തുണ കൃത്രിമമാണെന്നും അദ്ദേഹം ആരോപിച്ചു.
വി.ഡി.സതീശനെതിരായ കേസ് കുത്തിപ്പൊക്കിയതിന് പിന്നിലും കോണ്‍ഗ്രസുകാരാണ്. സംസ്ഥാനത്ത് അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്ന് കരുതി മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിത്തിരിച്ച അഞ്ച് നേതാക്കള്‍ തമ്മിലുള്ള പോരാണ് ഇതിനെല്ലാം പിന്നിലെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.