കൊച്ചി : മാത്യു കുഴല്നാടൻ എംഎൽഎയ്ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി. അഭിഭാഷകനായ സി.കെ. സജീവ് ആണ് പരാതി നല്‍കിയത്. മാത്യു കുഴല്നാടന് അഭിഭാഷകന്റെ ധാര്‍മികത ലംഘിച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ പേരില്‍ റിസോര്‍ട്ട് ലൈസന്‍സുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യവെ മറ്റ് ബിസിനസ് നടത്താനാവില്ലെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. ബിസിനസ് നടത്തുന്നത് അഭിഭാഷക അന്തസിന് വിരുദ്ധമെന്നും മാത്യു കുഴല്‍നാടനെതിരേ നടപടിയെടുക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു. നേരത്തെ, ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും മാത്യു കുഴല്നാടന് എംഎല്‍എ നികുതി വെട്ടിച്ച് സ്വന്തമാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് വില കാണിച്ചത്. പിറ്റേ ദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും കുഴനാടന് വെട്ടിച്ചുവെന്നാണ് ആരോപണം. അതേ സമയം, മാത്യു കുഴല്നാടന് എംഎല്‍എയുടെ കോതമംഗലത്തെ കുടുംബ വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കിയ താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ചയോടെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, അങ്ങനെയെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക.
നാലുമാസം മുമ്പ് കടവൂര്‍ വില്ലേജില്‍നിന്ന് ഉദ്യോഗസ്ഥരെത്തി ഇവിടെ പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതിനിടെ, മാത്യു കുഴല്നാടന് എംഎല്‍എ ശനിയാഴ്ച വീണ്ടും മാധ്യമങ്ങളെ കാണും. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ലാത്ത സ്ഥിതിക്ക് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണര്‍കാട് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നത് കുഴല്‍നാടനാണ്. മണര്‍കാട് വച്ചാകും എംഎല്‍എ മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം.